
പ്രവിത്താനം: കാവുങ്കണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളിയുടെ പുതിയ വികാരിയായി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ച ഫാ.ജോർജ് പോളച്ചിറ കുന്നുംപുറത്തിന് പ്രവിത്താനം പള്ളികമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.പ്രവിത്താനം പള്ളി സഹവികാരിയായി കഴിഞ്ഞ ഒന്നര വർഷമായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
പ്രവിത്താനം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ ഫാ. ജോർജ് പോളച്ചിറ കുന്നുംപുറത്തിന്റെ സേവനം നിസ്തുലമാണെന്ന് വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും ചുമതല വഹിച്ചു വരികയായിരുന്ന ഫാ.പോളച്ചിറ കുന്നുംപുറം തന്നിൽ നിക്ഷിപ്തമായിരുന്ന ചുമതലകൾ സ്വതസിദ്ധമായ ശാന്തതയിലും സൗമ്യതയിലും വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആശംസകൾ നേർന്ന് ഫാ.ആന്റണി കൊല്ലിയിൽ, റോമി മൈക്കിൾ, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, മാത്യു തറപ്പേൽ, വർഗീസ് പള്ളിത്താഴത്ത് എന്നിവർ സംസാരിച്ചു.
പ്രവിത്താനത്തെ ചുരുങ്ങിയ നാളുകൾ എന്നും തന്റെ ഓർമ്മയിൽ ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ ഫാ. ജോർജ് പോളച്ചിറകുന്നുംപുറം പറഞ്ഞു. ആത്മീയമായും ഭൗതികമായും പ്രവിത്താനം ഇടവക വളർച്ചയുടെ പാതയിൽ ആണെന്നും ഈ കാലഘട്ടത്തിൽ ഇവിടെ സേവനം ചെയ്യാൻ സാധിച്ചത് ദൈവനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.




